ദാറുന്നുജൂം ഓർഫനേജ് പേരാമ്പ്ര
ദാറുന്നുജൂം ഓർഫനേജ് :പേരാമ്പ്ര പട്ടണത്തിലെ പ്രമുഖമായ ഒരു തറവാടായിരുന്നു വയല്‍ തൃക്കോവില്‍ ഭവനം.ഗൃഹനാഥയായ മറിയം എന്ന മഹതിയുടെ വിയോഗം മൂലം അനാഥമായ തറവാട് വീട് എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന മക്കളുടെ ചിന്തയില്‍ നിന്നാണ് ഒരു അനാഥാലയം എന്ന ആശയം പിറവിയെടുക്കുന്നത്.മക്കളിലൊരാളും പേരാമ്പ്ര ഹൈസ്കൂളിലെ അധ്യാപകനുമായിരുന്ന വി.ടി. കുഞ്ഞാലി മാസ്റ്ററുടെ അഭിപ്രായം മറ്റു സഹോദരങ്ങളും അംഗീകരിക്കുകയായിരുന്നു.ഈ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതിനായി അന്ന് വിദ്യഭ്യാസരംഗത്ത് പ്രചോദനമായിരുന്ന പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ ടി. പി. കുട്ട്യാമു സാഹിബ്, പ്രൊഫ.ടി അബ്ദുല്ല സാഹിബ്, എ. വി. അബ്ദുറഹിമാന്‍ ഹാജി, കുറ്റ്യാടി ബാവാച്ചി ഹാജി, കളത്തില്‍ കുഞ്ഞമ്മദ് ഹാജി കുറ്റ്യാടി എന്നിവരുമായി കൂടിയാലോചിച്ചതിനെ തുടര്‍ന്ന് 1970 നവംബറില്‍ ദാറുന്നുജൂം യതീംഖാന കമ്മിറ്റിക്ക് രൂപം നല്‍കി .ഇസ്ലാമിക പ്രവര്‍ത്തനങ്ങളോട് താല്പര്യമുണ്ടായിരുന്ന കുഞ്ഞാലി മാസ്റ്ററുടെ ആവശ്യ പ്രകാരം പ്രൊഫ .ടി അബ്ദുള്ള സാഹിബിന്‍റെ ക്ഷണം സ്വീകരിച്ച് അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. സ്ഥാപന നടത്തിപ്പിനായി അയല്‍പ്രദേശങ്ങളായ കിഴക്കന്‍ പേരാമ്പ്ര ,ചെറുവണ്ണൂര്‍ ,വേളംശാന്തിനഗര്‍,പാലേരി,കുറ്റ്യാടി,ഊട്ടേരി,തുടങ്ങിയ പ്രദേശങ്ങളിലെ ഇസ്ലാമിക പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയുമാണ് മുഖ്യമായും ആശ്രയിച്ചത് .1970 ല്‍ 39/70 നമ്പറായി സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനം പിന്നീട് സാമൂഹ്യനീതി വകുപ്പിന്‍റെ അംഗീകാരവും സ്റ്റേറ്റ് ഓര്‍ഫനേജസ് & ചാരിറ്റബിള്‍ ഹോംസ് കേരളയുടെ അംഗത്വവും നേടിയെടുത്തു.ഇപ്പോള്‍ സെന്‍ട്രല്‍ ഗവണ്‍മെന്‍റിന്‍റെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്നൂ.
കുറ്റ്യാടിയിലെ പൗരപ്രമുഖനായ ബാവാച്ചിഹാജി, പേരാമ്പ്ര മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് മുഖ്യ പങ്കു വഹിച്ച പ്രൊഫസര്‍ ടി അബ്ദുല്ല ,വി ടി കുഞ്ഞാലി മാസ്റ്റര്‍ ,കെ എന്‍ അബ്ദുല്ല മൗലവി ,എം കെ മുഹമ്മദലി,ടി.പി.കുഞ്ഞി സൂപ്പിഹാജി വാണിമേല്‍ തുടങ്ങിയവര്‍ വിവിധ കാലഘട്ടങ്ങളില്‍ സ്ഥാപനത്തിന്‍റെ പ്രസിഡണ്ടുമാരായിരുന്നിട്ടുണ്ട്. നിലവില്‍ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ഫറോഖ് കോളജ് ഇംഗ്ലീഷ് വിഭാഗം തലവനുമായ പ്രൊഫ . സി ഉമര്‍ ആണ് പ്രസിഡന്‍റ്.
സ്ഥാപനത്തിന്‍റെ കീഴില്‍ മര്‍ഹൂം സൈയ്താലിക്കുട്ടി മൗലവി മുന്‍കയ്യെടുത്ത് സ്ഥാപിച്ച നുസ്രത്തുല്‍ ഇസ്ലാം മദ്രസയാണ് ആദ്യ വിദ്യഭ്യാസ സ്ഥാപനം ഇത് പിന്നീട് എന്‍ ഐ എം എല്‍ പി സ്കൂളായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിനു കീഴില്‍ കേരള മസ്ജിദ് കൗണ്‍സിലിന്‍റെ അംഗീകാരമുള്ള മസ്ജിദുല്‍ ഇഹ്സാന്‍ വെള്ളിയൂര്‍ , പേരാമ്പ്ര പട്ടണത്തില്‍ മസ്ജിദുന്നൂര്‍ , ക്യാമ്പസ് മസ്ജിദ്, മജ്ലിസുത്ത അ്ലീമുല്‍ ഇസ്ലാമിയയുടെ അംഗീകാരമുള്ള സെക്കണ്ടറി മാദ്റസ, കോഴിക്കോട് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് കേരള സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ദാറുന്നുജൂം കോളജ് ഓഫ് ആര്‍ട്സ് & സയന്‍സ് ,മജ്ലിസ് മദ്റസ ബോര്‍ഡിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് ഖുര്‍ആനിക് പ്രി സ്കൂള്‍ എന്നിവ ദാറുന്നുജൂമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.