ദാറുന്നുജൂം ലൈഫ് കെയർ
ലൈഫ് കെയർ
അനാഥത്വം നൽകിയ അനിശ്ചിതത്വങ്ങൾക്കിടയിൽ തണലു തേടിവന്ന കുരുന്നു വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് ധാർമിക ഭൗതിക വിദ്യാഭ്യാസതോടൊപ്പം താമസം ഭക്ഷണം വസ്ത്രം ചികിത്സ തുടങ്ങി മികവുറ്റ സൗകര്യങ്ങൾ നൽകി സംരക്ഷിച്ചു പോരുന്ന മഹത്തായ ഒരു സ്ഥാപനമാണ് ദാറുന്നുജൂം ഓർഫനേജ് പേരാമ്പ്ര.
1971ൽ പരിമിത സൗകര്യങ്ങളോടെ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ കീഴിലിപ്പോൾ ഹെവൻസ് പ്രീ സ്കൂൾ , എൻ ഐ എം നഴ്സറി സ്കൂൾ, എൻ ഐ എം എയ്ഡഡ് എൽ പി സ്കൂൾ, ദാറുന്നുജൂം സെക്കണ്ടറി മദ്രസ, ഡിഗ്നിറ്റി ആർട്സ് & സയൻസ് കോളേജ്, പേരാമ്പ്ര ടൗണിലെ മസ്ജിദുന്നൂർ, ക്യാമ്പസ് മസ്ജിദ് ,വെള്ളിയൂർ ജുമാ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.
ദൈവാനുഗ്രഹത്തോടൊപ്പം സുമനനസ്സുകളുടെ നിർലോഭ സഹായ സഹകരണമാണ് സ്ഥാപനത്തിന് ഈ വികാസം സാധ്യമാക്കിയത്.
അനാഥ മക്കൾക്ക് കുടുംബത്തോടൊപ്പം തന്നെ താമസിച്ച് പഠിച്ചുവളരാൻ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഓർഫനേജ് കമ്മിറ്റി ആവിഷ്കരിച്ച പദ്ധതിയാണ് ദാറുന്നുജൂം ലൈഫ് കെയർ.
കമ്മിറ്റിക്ക് കീഴിലുള്ള വിദഗ്ധ സമിതി ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെയും കുടുംബത്തിന്റെയും സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കി തികച്ചും അർഹരെന്ന് കണ്ടെത്തുന്നവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
പഠനം, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള മാസാന്ത സാമ്പത്തിക സഹായം, വൈജ്ഞാനിക ധാർമിക വളർച്ചക്കാവശ്യമായ അവധിക്കാല ക്യാമ്പുകൾ, പഠനയാത്രകൾ എന്നിവക്ക് പുറമെ അത്യാവശ്യ ചികിത്സാ സഹായങ്ങളും രക്ഷാകർതൃ ശാക്തീകരണത്തിന്റെ ഭാഗമായുള്ള സ്വയം തൊഴിൽ പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ, ഫാമിലി കൗൺസിലിംഗ് എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
മഹല്ല് സംവിധാനങ്ങൾ, മറ്റ് പൊതു സംവിധാനങ്ങൾ എന്നിവയിലൂടെയാണ് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നത്.
2021 ൽ ആരംഭിച്ച ഈ പദ്ധതിയിൽ നിലവിൽ 65 അനാഥ മക്കൾ ഗുണഭോക്താക്കളാണ്. ഒരു വർഷത്തേക്ക് ഒരു കുട്ടിക്ക് 30,000 രൂപയാണ് ചിലവ് കണക്കാക്കുന്നത്.
ഈ പദ്ധതി അർഹരായ എല്ലാവരിലേക്കും എത്തണമെന്നാണ് കമ്മിറ്റി ലക്ഷ്യം വെക്കുന്നത്.
സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുന്ന ഈ അനാഥ സംരക്ഷണ പദ്ധതിയെ താങ്കളുടെ സകാത്ത്- സദഖകളുടെ വലിയ വിഹിതം നൽകി സഹായിക്കണമെന്നഭ്യർത്ഥിക്കുന്നു.